തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി. ഡി. സതീശന് നേരിട്ടെത്തി ആശംസകൾ നേർന്ന് സൗദി കെ.എം.സി.സി ഭാരവാഹികൾ.സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ മുഖ്യമന്ത്രിക്ക് ബൊക്കെ നൽകി സംഘടനയുടെ പേരിലുള്ള ഹൃദയംഗമമായ ആശംസകൾ അറിയിച്ചു. പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളും ആശങ്കകളും നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നേതാക്കൾക്ക് ഉറപ്പുനൽകി.
സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ ഖാദർ ചെങ്കള, സെക്രട്ടറി നാസർ വെളിയങ്കോട്, വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ എന്നിവരും മുഖ്യമന്ത്രിയെ സന്ദർശിച്ച ദേശീയ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Also Read:
ദേശീയ നേതാക്കൾക്ക് പുറമെ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ഭാരവാഹികളും മുഖ്യമന്ത്രിയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, പ്രമുഖ സംഘാടകരായ അബ്ദുൽ ഹഖ് തിരൂരങ്ങാടി, റഫീഖ് പാറക്കൽ എന്നിവരും സന്നിഹിതരായിരുന്നു. കേരളത്തിന്റെ വികസന കാര്യങ്ങളിലും പ്രവാസി ക്ഷേമത്തിലും കെ.എം.സി.സി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.








