കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ജൂൺ 15 മുതൽ; വയോജനങ്ങൾക്ക് പുതിയ വകുപ്പ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയ്ക്കിടെ, ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആക്രമിച്ച കേസിൽ പ്രത്യേക സംഘം (SIT) പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. “ഞങ്ങളൊന്നും മറക്കാൻ പോകുന്നില്ല” എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനം കൂടിയാണ് പാലിച്ചിരിക്കുന്നത്. ഞങ്ങളുടെ കുട്ടികളെ തല്ലിയ കാര്യം ഞങ്ങളങ്ങിനെ മറക്കില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശൻ പറഞ്ഞത്. പുതിയ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:
സ്ത്രീകൾക്ക് സൗജന്യയാത്ര
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പിലാക്കും. പദ്ധതിയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
പുതിയ വകുപ്പും ആനുകൂല്യങ്ങളും
- വയോജന മന്ത്രാലയം: സംസ്ഥാനത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും.
- ആശ വർക്കർമാർ: ആദ്യഘട്ടമെന്ന നിലയിൽ വേതനം 3,000 രൂപ വർദ്ധിപ്പിച്ചു. ഇതോടെ നിലവിലുള്ള 9,000 രൂപ 12,000 രൂപയായി ഉയരും. റിട്ടയർമെന്റ് ആനുകൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്.
- അംഗനവാടി ജീവനക്കാർ: അങ്കണവാടി വർക്കർമാർ, പാചക തൊഴിലാളികൾ, ആയമാർ എന്നിവരുടെ വേതനത്തിൽ 1,000 രൂപയുടെ വർദ്ധനവ് വരുത്തി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഇവരെ കൂടുതൽ പരിഗണിക്കും.
നിയമനങ്ങളും നിയമസഭാ സമ്മേളനവും
- മെയ് 21: പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കും.
- മെയ് 22: സ്പീക്കർ തിരഞ്ഞെടുപ്പിനായി നിയമസഭ സമ്മേളിക്കും. ജി. സുധാകരനായിരിക്കും പ്രോടേം സ്പീക്കർ.
- പ്രധാന നിയമനങ്ങൾ: അഡ്വക്കറ്റ് ജനറലായി (AG) അഡ്വ. ജെയ്ജു ബാബുവിനെയും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) അഡ്വ. ടി. ആസഫലിയെയും നിയമിക്കാൻ യോഗം തീരുമാനിച്ചു.








