ന്യൂദൽഹി: കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ വി.ഡി സതീശൻ എത്തുന്നു. സംസ്ഥാനത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി സതീശൻ ചുമതലയേൽക്കും. ദൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ എ.ഐ.സി.സി നേതാവ് ദീപ് ദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ചാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരും മുഖ്യമന്ത്രി പട്ടികയിലേക്ക് എ.ഐ.സി.സി പരിഗണിച്ചിരുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ വി.ഡി. സതീശൻ, ആറ് തവണ പറവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും പരിസ്ഥിതി, ലോട്ടറി മാഫിയ വിരുദ്ധ പോരാട്ടങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളാണ് യു.ഡി.എഫിനെ ഭരണത്തിലേക്ക് തിരികെ എത്തിക്കുന്നതിൽ നിർണ്ണായകമായത്.
Also Read:
ഇന്ന് തിരുവനന്തപുരത്തെത്തുന്ന വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകാൻ സതീശന്റെ നായകത്വത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








