കോഴിക്കോട്: ലോകമെമ്പാടുമുള്ള കെ.എം.സി.സി പ്രവർത്തകർക്ക് ആവേശവും ഊർജവും പകർന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലയിട്ടു. കോഴിക്കോട് കെ.എം.സി.സി സഊദി സെന്ററിൽ നടന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രവർത്തകർ തിങ്ങിനിറഞ്ഞു. സൗദി പ്രവാസികൾ ഏറെക്കാലമായി കാത്തിരുന്ന സൗദി ചന്ദ്രിക വെബ്‌സൈറ്റ് ലോഞ്ചിംഗും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രവാസ ലോകത്തെ വാർത്തകളും വിശേഷങ്ങളും ഏറ്റവും സമഗ്രമായും ആധികാരികമായും ലോകത്തെ അറിയിക്കുന്ന തരത്തിലാണ് സൗദി ചന്ദ്രിക വെബ് സൈറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
മുസ്ലിംലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഡോ: എം.കെ മുനീർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, പി.കെ ഫിറോസ് തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിനെത്തി.

സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ ഈ വർഷം മരണപ്പെട്ട 50 ഓളം പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള മൂന്നു കോടി രൂപയുടെ ആനുകൂല്യ വിതരണം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സെഷനിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ അബ്ദുറഹിമാൻ കല്ലായി, ഉമ്മർ പാണ്ടികശാല, സി.പി സൈതലവി, ഷാഫി ചാലിയം, പി.കെ നവാസ് തുടങ്ങിയവർ സംബന്ധിക്കും.
കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിൽ 12 വർഷമായി നടത്തിവരുന്ന സാമൂഹിക സുരക്ഷ പദ്ധതി സൗദിയിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണ്. ഇക്കാലയളവിൽ ഈ പദ്ധതിയിൽ അംഗങ്ങളായിരിക്കെ 700 ഓളം പ്രവാസികളാണ് വിവിധ കാരണങ്ങളാൽ മരണമടഞ്ഞത്. അവരുടെ നിലാരംഭരായ കുടുംബങ്ങൾക്ക് അത്താണിയായി മാറിയ ഈ പദ്ധതിയെ സഊദിയിലെ പ്രവാസി സമൂഹം ജാതിമതഭേദമന്യേ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നെഞ്ചേറ്റിയിരിക്കുന്നു. നിലവിൽ 85,000 ത്തോളം അംഗങ്ങളുള്ള പദ്ധതി പ്രവാസലോകത്ത് മലയാളികൾ കൈകോർക്കുന്ന ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണെന്നും ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഹെൽത്ത് കെയർ സപ്പോർട്ട് ഫോർ മെമ്പേഴ്സ് ആൻഡ് ഫാമിലി’ എന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രമുഖ ആതുരാലയങ്ങളുമായി കൈകോർത്താണ് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന ഇത്തരം ഒരു പദ്ധതി ഇത് ആദ്യമായാണ് ഒരു പ്രവാസി സംഘടന നടപ്പിലാക്കുന്നത്.
കോഴിക്കോട് കെ.എം.സി.സി സെൻററിൽ ചേർന്ന നാഷനൽ കമ്മിറ്റി ഭാരവാഹികൾ, ഉപസമിതി ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ പരിപാടികൾക്ക് അന്തിമരൂപം നൽകി. കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ യോഗം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി മുഹമ്മദ് കുട്ടി, കുഞ്ഞുമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, മുഹമ്മദ് കുട്ടി മാതാപ്പുഴ, കരീം താമരശ്ശേരി, സമദ് ആഞ്ഞിരങ്ങാടി, ഉസ്മാൻ അലി പാലത്തിങ്ങൽ, ലത്തീഫ് തച്ചംപൊയിൽ, സൈദ് അലി അരീക്കര തുടങ്ങിയവർ സംസാരിച്ചു.