മനാമ– പുതിയ ദേശീയ പദ്ധതിക്ക് (2025-2026) അംഗീകാരം നൽകി ബഹ്‌റൈൻ. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ബഹ്റൈൻ വനിതാ ഉന്നത അധികാര സമിതി അധ്യക്ഷയും രാജകുമാരിയുമായ സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം കൗൺസിൽ ഫോർ വുമൺ ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. സ്ത്രീകൾക്ക് തുല്യ അവസരം നൽകുക, എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകളെയും പിന്തുണക്കുക, സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പരിവർത്തനം, ഐടി, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ നിരവധി നൂതന മേഖലകളിലും പ്രത്യേക ശ്രദ്ധ കൊടുക്കും. രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ സ്ത്രീകൾക്കും പങ്കാളികളാവാൻ സാധിക്കുന്ന രീതിയിൽ അവരെ പിന്തുണക്കുക, അവരുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിതവും സാങ്കേതികവുമായ വിദ്യാഭ്യാസം നൽകുക, മെഡിക്കൽ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി ധനസഹായവും നൽകുന്നതായിരിക്കും.