കൊല്‍ക്കത്ത– രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ മാറിപ്പോകുമെന്ന ചര്‍ച്ചകള്‍ക്കിടെ, താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വലിയ ഓഫറുമായി എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിന് പകരം യുവ താരങ്ങളായ അങ്ക്രിഷ് രഘുവംശിയെയോ രമന്‍ദീപ് സിംഗിനെയോ കെകെആര്‍ രാജസ്ഥാനിന് ഓഫര്‍ ചെയ്യാന്‍ തയ്യാറാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതാണ് രഘുവംശി. അതേസമയം, നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒരാളായിരുന്ന രമന്‍ദീപ് സിങ് ഇന്ത്യക്കുവേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററും, നേതൃത്വ ശേഷിയുമുള്ള താരമായതിനാല്‍ സഞ്ജു സാംസണ്‍ കെകെആറിന് ഏറെ പ്രധാനപ്പെട്ട ഓപ്ഷനാകും. കൂടാതെ ഓപ്പണിങ് ബാറ്ററായി ഇന്ത്യന്‍ ഓപ്ഷന്‍ ലഭ്യമാകുന്നതും ടീമിന് വലിയ ശക്തിയാകും.
നേരത്തെ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, സഞ്ജുവിനെ നേടുന്നതിനായി രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയെയോ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാടിനെയോ, ശിവം ദുബെയെയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിഎസ്‌കെ അത് നിരസിച്ചു.