തായിഫ്– ജബൽ അൽഅഖ്ദർ അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൗദി ബാലിക മരണപ്പെട്ടു. വദ്ഹ ബിൻത് അസീസ് അൽഫഹ്‌മിയാണ് മരണപ്പെട്ടത്. വിദഗ്ധ ചികിത്സക്കായി ബാലികയെ തായിഫ് കിംഗ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ആഴ്ചയാണ് എയർ ആംബുലൻസിൽ റിയാദിൽ നാഷണൽ ഗാർഡിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയത്. വദ്ഹയുടെ സഹോദരിയെയും വിദഗ്ധ ചികിത്സക്കായി നേരത്തെ പ്രിൻസ് സുൽത്താൻ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു.
മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും തായിഫിൽ നടക്കുമെന്ന് ബാലികയുടെ സഹോദരൻ അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് തായിഫിൽ അമ്യൂസ്മെന്റ് പാർക്കിലെ യന്ത്രഊഞ്ഞാൽ തകർന്ന് അപകമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. ഇവരെ കിംഗ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിന് ശേഷം അമ്യൂസ്മെന്റ് പാർക്ക് അധികൃതർ അടച്ചുപൂട്ടി. അപകടകാരണങ്ങളെ കുറിച്ച് വിശദമായ അന്യേഷണം പുരോഗമിക്കുന്നു