ജിദ്ദ: സേവന നിലവാരത്തിലെ പോരായ്മകളും മോശം പ്രകടനവും മുൻനിർത്തി 1,800 വിദേശ ട്രാവൽ ഏജൻസികളുമായുള്ള കരാറുകൾ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം താത്കാലികമായി നിർത്തിവെച്ചു. ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന 5,800 ഓളം വിദേശ ഏജൻസികളിൽ നടത്തിയ ആനുകാലിക പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഏജൻസികൾക്കെതിരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വീഴ്ചകൾ പരിഹരിച്ച് പദവി ശരിയാക്കുന്നതിനായി ഈ ഏജൻസികൾക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
പുതിയ വിസകൾ അനുവദിക്കുന്നതിന് മാത്രമാണ് നിലവിൽ സസ്‌പെൻഷൻ ബാധകമാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ നിലവിൽ സാധുവായ വിസയുള്ളവർക്കോ ബുക്കിംഗ് പൂർത്തിയാക്കിയ തീർത്ഥാടകർക്കോ ഈ നടപടി മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഇവർക്കുള്ള സേവനങ്ങൾ മാറ്റങ്ങളില്ലാതെ തുടരും. ഏജൻസികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനുമാണ് ഇത്തരം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ പദവി ശരിയാക്കാത്ത ഏജൻസികൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. ഗസ്സാൻ അൽനുവൈമി അറിയിച്ചു.


