കുവൈത്ത് സിറ്റി– വിസ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധന ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്. വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കൂടുതൽ കർശനമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വിസ ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങളും രേഖകളും സമർപ്പിക്കുക പോലുള്ള കുറ്റ കൃത്യങ്ങൾ തടയാൻ അധികൃതർ പ്രത്യേകം പരിശ്രമിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതര പാസ്‌പോർട്ടുകളോ വ്യത്യസ്ത എൻട്രി വിസകളോ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കുന്നവരെ തടയാൻ ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് സഹായകമാണ്. എന്നാൽ, സുരക്ഷാ പരിശോധന ശക്തമാക്കുന്നതോടെ ഏതെങ്കിലും തരത്തിൽ യാത്രക്കാർ അനധികൃതമായി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ അത് തടയാൻ സാധിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. പ്രത്യേകിച്ചും, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകളിൽ കുവൈത്തിൽ എത്തുന്നവരെ.
ഇലക്ട്രോണിക് വിസ ഉണ്ടെന്നു കരുതി മാത്രം കുവൈത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ച് കൃത്യമാണെന്ന് കണ്ടെത്തിയാൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ. വ്യാജ റെസിഡൻസി പെർമിറ്റുകളുമായി കുവൈത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചിലരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. അതേസമയം, അബ്ദാലി അതിർത്തിയിലെ ഉദ്യോഗസ്ഥർ വ്യാജ റെസിഡൻസി പെർമിറ്റുകൾ ഉപയോഗിച്ച് നേടിയ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകളുമായി എത്തിയ നിരവധി യാത്രക്കാരെയും പിടികൂടിയിരുന്നു.