റിയാദ്– അൽജംഷിലെ പെട്രോൾ പമ്പിൽവെച്ച് വൈക്കോലുമായെത്തിയ ലോറിക്ക് തീപിടിച്ചു. സൗദി യുവാവിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം. ലോറിയിൽ തീ പടർന്ന് പിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടുകയായിരുന്നു. ഇത് കണ്ട മാഹിർ ഫഹദ് അൽദൽബഹ പെട്രോൾ പമ്പിൽ നിന്ന് അതിസാഹസികമായി ലോറി പുറത്തേക്ക് ഓടിച്ചു. റിയാദ് പ്രവിശ്യയിൽ പെട്ട ദവാദ്മിയിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് അൽജംഷ് സ്ഥിതിചെയ്യുന്നത്.
ഇതിനിടെ യുവാവിന്റെ മുഖത്തും ശിരസ്സിലും കൈകാലുകളിലും പൊള്ളലേറ്റു. ഇയാളെ റിയാദ് കിംഗ് സൗദി മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ലോറി യുവാവ് സാഹസികമായി പെട്രോൾ പമ്പിൽ നിന്നിറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.