തെൽഅവീവ്– ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്ക് എതിരെ ഇസ്രായിലിൽ നാളെ പൊതുപണിമുടക്ക്. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ബന്ദികളെയും തടവുകാരെയും കൈമാറാൻ കരാറുണ്ടാക്കണമെന്ന ആവശ്യം അവതരിപ്പിക്കാനാണ് നാളത്തെ പണിമുടക്ക്. പത്തുലക്ഷത്തിലേറെ ഇസ്രായിലികൾ നാളെ പണിമുടക്ക് നടത്തുമെന്നാണ് റിപ്പോർട്ട്. ഗാസ പിടിച്ചടക്കുന്നതിനെ ഇസ്രായിലി പൗരന്മാരും സൈന്യവും എതിർക്കുന്നതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാണ് പൊതുപണിമുടക്ക് നടത്തുന്നത്. ഹമാസ് തടവിലാക്കിയവരുടെ ഇസ്രായിലികളുടെ കുടുംബങ്ങൾ, മോചിപ്പിക്കപ്പെട്ട ബന്ദികൾ, വിവധ ട്രേഡ് യൂണിയനുകൾ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ഹിസ്റ്റാഡ്രട്ട് ട്രേഡ് യൂണിയൻ ഫെഡറേഷൻ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും പങ്കെടുക്കണമോ േവേണ്ടയോ എന്ന് ട്രേഡ് യൂണിയനുകൾക്ക് തീരുമാനിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തെൽഅവീവ്, ജാഫ മുനിസിപ്പാലിറ്റികൾ അടക്കം ഡസൻ കണക്കിന് മുനിസിപ്പാലിറ്റികളും ലക്ഷക്കണക്കിന് ബിസിനസ് സ്ഥാപനങ്ങളും രാജ്യവ്യാപകമായ പണിമുടക്കിന്റെ ഭാഗമായി നാളെ അടച്ചിടും. ബന്ദികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രധാന നഗരങ്ങളിലെ തെരുവുകളിൽ നടക്കുന്ന പ്രതിഷേധത്തിൽ ലക്ഷണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോറം ഓഫ് ഡീറ്റൈനീസ് ഓഫ് ഫാമിലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ പണിമുടക്കിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.