ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോളനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ആളുകളെ കബളിപ്പിച്ച് വ്യാജ എംബസി നടത്തിയയാൾ പിടിയിൽ. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റാർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിലാണ് ഇയാൾ വ്യാജ എംബസി നടത്തിയിരുന്നത്. വെസ്റ്റാർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ ആണ് യുപി സ്പെഷൽ ടാസ്ക് ഫോഴ്സിൻ്റെ പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം.
വെസ്റ്റാർക്ടിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഹർഷവർധൻ എട്ടുവർഷത്തോളം ആളുകളെ കബളിപ്പിച്ചത്. വിസ നൽകുക, പാസ്‌പോർട്ടുകൾ പുതുക്കുക, വിദേശത്ത് താമസിക്കുന്ന താമസക്കാർക്ക് സഹായം നൽകുക എന്നീ ചുമതലകളാണ് ഒരു കോൺസൽ അല്ലെങ്കിൽ അംബാസിഡറിന് ഉണ്ടാവുക. വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും മുപ്പത്തിനാല് വ്യാജ സീലുകളും ഇയാളുടെ കൈവശം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍
റിപ്പോർട്ട് ചെയ്യുന്നു.
ആഡംബര ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിൻ തൻ്റെ വ്യാജ എംബസി സമ്രാജ്യം കെട്ടിപ്പടുത്തത്. എംബസിക്ക് മുന്നിൽ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകളുമുണ്ടായിരുന്നു. ഇതിനൊപ്പം വിശ്വാസ്യത വർധിപ്പിക്കാനായി രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ ഉപയോഗിച്ചു.