ജിദ്ദ- സി.പി.എമ്മിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ മുസ്ലിം ലീഗിനെയും അതിന്റെ നേതാക്കളെയും അടിക്കടി വിമർശിക്കുന്നതെന്ന് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ആക്ടിംഗ് പ്രസിഡന്റ് സി.കെ.എ റസാഖ് മാസ്റ്റർ എന്നിവർ അഭിപ്രായപ്പെട്ടു. മന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗം ചെയ്ത് ബന്ധുവിന് നിയമനം നൽകിയ ആളാണ് ജലീൽ. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തിന് പദവി രാജിവെക്കേണ്ടി വന്നു. ഇതിന്റെ വിരോധവും പരിഭവങ്ങളുമാണ് ലീഗിനെതിരെ ജലീൽ പ്രകടിപ്പിക്കുന്നതെന്നും കെ.എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
തന്റെ ബന്ധുവായ കെ ടി അദീബിനെ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (കെഎസ്എംഡിഎഫ്സി) ജനറൽ മാനേജരായി നിയമിക്കാൻ ഔദ്യോഗിക അധികാരങ്ങൾ ദുരുപയോഗം ചെയ്ത കെ.ടി. ജലീൽ 2019 ൽ, കേരള ലോകായുക്ത സ്വജനപക്ഷപാതത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മന്ത്രിപദവി ഒഴിഞ്ഞത്. മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനു ശേഷം പാർട്ടിയിൽനിന്ന് നേരിടുന്ന അവഗണന മറച്ചു വെക്കാനും, ലീഗിനെയും, മത നേതാക്കളെയും കുറ്റം പറഞ്ഞു പാർട്ടിയെ പ്രീതിപ്പെടുത്തി അടുത്ത തവണയും സീറ്റ് ഉറപ്പിക്കാനുമുള്ള തന്ത്രം മെനയുകയാണ് ജലീൽ.
തന്റെ പാർട്ടിക്ക് കീഴിലെ കോപ്പറേറ്റീവ് ബാങ്കു കൊള്ളയെ കണ്ടില്ലെന്ന് നടിക്കുകയാണ് ജലീൽ. ഈ കൊള്ളയിൽ ജലീലിനും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ലിം സമൂഹത്തെയും മത നേതാക്കളെയും സംഘ് പരിവാറിന് ഒറ്റിക്കൊടുക്കുന്ന പണിയാണ് ജലീൽ ചെയ്യുന്നതെന്നും കെ.എം.സി.സി നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.