റിയാദ്– മദീനത്തീ ആപ് വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റിയാദ് നഗരസഭ മൻഫൂഹ ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 84 സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷയെയും ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കുന്ന നിയമലംഘനങ്ങളാണ് പരാതികളിൽ ലഭിച്ചത്. ഭക്ഷ്യ സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, തെരുവ് കച്ചവടം, ഭക്ഷ്യ സംഭരണ വെയർ ഹൗസുകളായി പരിവർത്തനം ചെയ്ത വീടുകൾ, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വിവിധ നിയമലംഘനളിൽ 531 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 11 സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഉപയോഗശൂന്യമായ 31,620 പേക്കറ്റ് ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുകയും 25 കിലോഗ്രാം പുകയിലയും 5,322 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയും 16 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ പങ്കെടുത്ത മറ്റു സർക്കാർ വകുപ്പുകളുടെ അധികാര പരിധിയിൽപ്പെട്ട 402 നിയമലംഘനങ്ങളും കണ്ടെത്തി.
പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, കേടായ ഭക്ഷ്യവസ്തുക്കൾ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യ സംഭരണം, വീടുകൾ ഭക്ഷ്യ ഉത്പന്നങ്ങളുടെ വെയർഹൗസുകളാക്കുക, പഴകിയ ഇറച്ചി വിൽപ്പന, ലൈസൻസും നഗരസഭാ വ്യവസ്ഥകളുമായും ലംഘിക്കൽ എന്നിങ്ങനെ നിരവധി നിയമലംഘനങ്ങളാണ് പരിശോധനകൾക്കിടെ കണ്ടെത്തിയത്. അധികൃതർ കച്ചവടക്കാർക്ക് താക്കീത് നൽകുകയും പിഴ ചുമത്തുകയും ഗുരുതര വീഴ്ച വരുത്തിയ സ്ഥാനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.
Also Read:
റിയാദിൽ ഉയർന്ന ജനസാന്ദ്രതയും വാണിജ്യ പ്രവർത്തനങ്ങളമുള്ള സജീവമായ ജനവാസ കേന്ദ്രമാണ് മൻഫൂഹ ഡിസ്ട്രിക്ട്. വ്യാപാര സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങൾ മദീനത്തീ ആപ് വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. സ്ഥാപനങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, നിയമ ലംഘനങ്ങളുടെ ഫോട്ടോകൾ എന്നിവയുൾപ്പെടെ പരാതിയിൽ ഉൾപ്പെടുത്താം. നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സ്വദേശികളുടെയും വിദേശികളുടെയും സഹകരണം പരിശോധനാ കാമ്പെയ്‌നുകളുടെ വിജയത്തിന്റെ പ്രധാന ഘടകമാണെന്ന് നഗരസഭ പറഞ്ഞു.