മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.
ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.