ഒമാനിലെ പ്രവാസികളുമായി ഉറ്റബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എം.എം മുഹമ്മദ് ജമാൽ എന്നതു കൊണ്ട് തന്നെ കഴിഞ്ഞ ദിവസം റുവിയിൽ മസ്കത്ത് കെ.എം.സി.സിയും ഡബ്ല്യു. എം.ഒ വെൽഫെയർ കമ്മറ്റിയും സംയുക്തമായി നടത്തിയ അനുശോചന യോഗത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്.
മസ്കത്ത് : മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും, വിദ്യഭ്യാസപ്രവർത്തകനും വയനാട് മുസ്ലിം യതീംഖാനയുടെ കാര്യദർശ്ശിയുമായ എം.എ മുഹമ്മദ് ജമാലിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസ ലോകവും. 1948ൽ സ്ഥാപിതമായ വയനാട് മുസ്ലിം യതീംഖാന ജനകീയവൽക്കരിച്ചതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു മുഹമ്മദ് ജമാൽ.
പിന്നോക്ക ജില്ലയായിരുന്ന വയനാട് ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും ഓർഫനേജിന് കീഴിൽ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. വയനാട് ജില്ലയിൽ വിദ്യഭ്യാസ വിപ്ലവത്തിന് നേതൃത്വം കൊടുത്ത വിദ്യഭ്യാസ പ്രവർത്തകനായിരുന്നു എം.എ മുഹമ്മദ് ജമാൽ. ദീർഘകാലം വയനാട് ജില്ലയിലെ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനും, നിലവിൽ ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു.
അശരണർക്ക് ആശ്രയവും ആരുമില്ലാത്ത യതീമുകൾക്ക് തണലായും ഒരു മഹാവൃക്ഷം കണക്കെ വളർന്ന വയനാട് മുസ്ലിം ഓർഫനേജ് നാനാജാതി മതസ്ഥരിൽ നിന്നുമുള്ള യുവതീയുവാക്കൾക്ക് മംഗല്യമൊരുക്കുന്ന പദ്ധതി ആവിഷ്കരിച്ചതും ഏറെ ജനകീയമായിരുന്നു. രണ്ട് സയൻസ് കോളേജുകളും, ആർട്സ് കോളേജുകളും ഹൈസ്കൂളുകളും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളും, ഖുർആൻ, അറബിക് കോളേജുകളുമായി വയനാട് ജില്ലയുടെ മുഖച്ഛായ മാറ്റിയത് ഡബ്ല്യു. എം.ഓ ആണ്.