തിരുവനന്തപുരം – സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.