ന്യൂഡൽഹി- ലോക്സഭയിൽ അവതരിപ്പിച്ച വിവാദ ബില്ലിനെതിരെ വിമർശനവുമായി എ.ഐ.എം.എ.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. അഞ്ച് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായ മന്ത്രിമാർക്ക് 30 ദിവസത്തിനകം പദവി നഷ്ടമാകുന്ന ബില്ലിനെതിരെയാണ് ഉവൈസി രംഗത്തെത്തിയത്
ഈ ബിൽ രാജ്യത്തെ പൊലീസ് സ്റ്റേറ്റാക്കാനുള്ള ശ്രമമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഉവൈസി ആരോപിച്ചു. ജമ്മുകശ്മീർ പുനസംഘടന ബിൽ, യൂണിയൻ ടെറിറ്ററി ബിൽ, ഭരണഘടന ഭേദഗതി ബിൽ എന്നിവയെയും അദ്ദേഹം എതിർത്തു. “പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യും? അധികാരം എന്നും നിലനിൽക്കില്ല,” ഉവൈസി ബി.ജെ.പിയെ വിമർശിച്ചു.
ലോക്സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. എം.പിമാർ ബിൽ കോപ്പി കീറിയെറിഞ്ഞു, പ്രതിഷേധം കൈയാങ്കളി വരെ എത്തി. ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. ബില്ലിന്റെ കോപ്പി നൽകാതെയും ചർച്ച ചെയ്യാതെയും തിടുക്കത്തിൽ പാസാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഭരണഘടനയുടെ ധാർമികത ഉയർത്തിപ്പിടിക്കാനാണ് ബില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. തുടർന്ന് ബിൽ 21 അംഗ ജോയിന്റ് പാർലമെന്ററി സമിതിക്ക് വിട്ടു.