അബൂദാബി– നവജാത ശിശുക്കളിൽ 800 ലധികം രോഗങ്ങൾ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ജനിതക പരിശോധനക്ക് തുടക്കം കുറിച്ച് അബൂദാബി. ജനനസമയത്ത് ഡോക്ടർമാർ പൊക്കിൾക്കൊടിയിൽ നിന്നും രക്തം ശേഖരിച്ച് ( കോർഡ് ബ്ലഡ്) പരിശോധന നടത്തുകയാണ് ചെയ്യുക. മാതാപിതാക്കളുടെ സമ്മതത്തോടെയാകും പരിശോധന നടത്തുക. ഇതുവഴി പല രോഗങ്ങളും ആദ്യമേ തിരിച്ചറിയാൻ സാധിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ജനന സമയത്ത് മറഞ്ഞിരിക്കുന്ന പല ജനിതക അവസ്ഥകളും രോഗനിർണ്ണയം നടത്താതെ വിടുന്നത് കുട്ടികളിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുതിയ മാറ്റം വരുന്നതോടെ ഇതിനെ മറികടക്കാൻ സാധിക്കും.
പരിശോധന നടത്തി 21 ദിവസത്തിനുള്ളിൽ ഫലങ്ങൾ അറിയാൻ സാധിക്കും. അഥവാ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ജനിതക കൗൺസിലർമാരുടെയും മൾട്ടിഡിസിപ്ലിനറി സ്പെഷ്യലിസ്റ്റുകളുടെയും ചികിത്സ നേടാനായി കുടുംബങ്ങളോട് ആവശ്യപ്പെടും.
ശാസ്ത്ര സാങ്കേതിക മേഖലയിലെ വളർച്ച കാരണം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ ആരോഗ്യ സംരക്ഷണം ലഭിക്കുന്നുവെന്നും ഇത് നേരെത്തെ തന്നെ വേണ്ട നടപടികൾ ആരംഭിക്കാൻ സഹായിക്കുന്നുവെന്നും ഡോ. നൂറ അൽ ഗൈതി പറഞ്ഞു. നേരത്തെ രോഗനിർണ്ണയം നടത്തുന്നതിലൂടെ വ്യക്തിഗത പരിചരണം, ആസൂത്രണം എന്നിവയിലൂടെ അബുദാബിയിലെ ജനങ്ങൾക്ക് ആരോഗ്യകരമായ ഒരു ഭാവി സൃഷ്ടിക്കാനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.