തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.