ഇരുരാജ്യങ്ങളും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി
നീണ്ട അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഓണ്‍ലൈന്‍ വഴി വിസ ഫോം പൂരിപ്പിച്ചവര്‍ക്ക് വെബ് ലിങ്ക് വഴി അപ്പോയിന്‍മെന്റ് എടുക്കാം. അതിനു ശേഷം പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളുമായി ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററില്‍ ഹാജരാകണം.
2020ല്‍ കോവിഡ് കാലത്താണ് ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. 22000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞ ചൈനീസ് നടപടിക്ക് പകരമായാണ് ഇന്ത്യ ടൂറിസ്റ്റ് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്.
കൂടാതെ ഡല്‍ഹിയില്‍ നിന്ന് ചൈനയിലേക്കും തിരികെയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖാപിച്ചിരുന്നു. ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി ചൈന സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ഈ നടപടി. അന്നത്തെ സന്ദര്‍ശനത്തില്‍ കൈലാസ പര്‍വതം, മാനസ സരോവര്‍ തീര്‍ഥാടനം പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു.